നിലയ്ക്കുന്നില്ല നോമ്പിന്റെ ചൈതന്യം🌹സുന്നത്ത് നോമ്പുകൾ

🌹 *നിലയ്ക്കുന്നില്ല നോമ്പിന്റെ ചൈതന്യം*🌹

1⃣5⃣8️⃣ഇസ്ലാമിക പഠനങ്ങൾ

*✍🏽മദീനയുടെ👑വാനമ്പാടി* 


 _സുന്നത്ത് നോമ്പുകൾ_ *തയ്യാറാക്കിയത്:അബൂസുമയ്യ* 



 *ആറ്‌നോമ്പ്* 

ചെറിയ പെരുന്നാൡനോട് ചേര്‍ന്നുള്ള ആറ് ദിവസങ്ങൡ നോമ്പ് അനുഷ്ഠിക്കലാണ് ഏറ്റവും പുണ്യമുള്ളത്. ശവ്വാലില്‍ എപ്പോഴെങ്കിലും ആറ് ദിവസം നോമ്പെടുത്താലും ആറ് നോമ്പിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. റമളാന്‍ വ്രതത്തോടൊപ്പം *ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷത്തെ നോമ്പിന്റെ പ്രതിഫലമാണ് തിരുനബി(സ്വ) പഠിപ്പിക്കുന്നത് (* മുസ്‌ലിം 204). റമളാന്‍ വ്രതത്തോട് തുടര്‍ന്ന് തന്നെ ശവ്വാലിലെ നോമ്പെടുക്കുന്നത് ഒരു ആരാധനയില്‍ നിന്ന് വിരമിച്ച ഉടനെ മറ്റൊന്നിലേക്ക് പ്രവേശിക്കുന്നതിന്റെ ശുഭസൂചനയാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടാണ് റമളാന്‍ നോമ്പിനോട് ചേര്‍ന്ന് ആറ് നോമ്പെടുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന് പറയുന്നതും.



അവാച്യാനുഭൂതിയാണ് വ്രതത്തിനുള്ളത്. വ്രതം അനുഷ്ഠിക്കുന്നവന്റെ മാനസിക-ശാരീരിക ശുദ്ധിക്കനുസൃതമായി വളരുകയും ചെയ്യുന്നതാണ് വ്രതം മുഖേന അനുഭവിക്കുന്ന അനുഭൂതിയുടെ മധുരം. റമളാന്‍ നിര്‍ബന്ധ വ്രതത്തിനപ്പുറം ഐച്ഛിക വ്രതങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ വളരെ വിശാലമാണ്. അടുക്കും അച്ചടക്കവുമുള്ള മനസ്സും ശരീരവും സദാനിലനിര്‍ത്തി മുന്നോട്ട് ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇൗ അടിസ്ഥാനത്തില്‍ ഇസ്‌ലാം കല്‍പ്പിച്ച ഐച്ഛിക വ്രതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണിവിടെ.

വിശുദ്ധ റമളാനിന് ശേഷം വ്രതം പുണ്യമുള്ള മാസങ്ങളാണ് ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ്. സുന്നത്തു നോമ്പുകൡ പ്രധാനമാണ് ദുല്‍ഹിജ്ജ ഒമ്പതിന്റെ നോമ്പ്. കഴിഞ്ഞ് പോയതും ശേഷമുള്ളതുമായ രണ്ട് വര്‍ഷത്തെ ദോഷങ്ങളെ പൊറുപ്പിക്കുന്ന പുണ്യം ഈ നോമ്പിനുണ്ട്. ഹാജിമാര്‍ അറഫയില്‍ തല്‍ബിയത്തിന്റെ മന്ത്രങ്ങളുമായി ഹജ്ജിന്റെ പ്രധാന കര്‍മം നിര്‍വഹിക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അറഫാനോമ്പ് അനുഷ്ഠിക്കുന്നത്. ഹാജിമാര്‍ക്ക് അറഫാ നോമ്പ് സുന്നത്തില്ല. ദുല്‍ഹിജ്ജ ഒമ്പതിനോട് കൂടെ എട്ടിന് കൂടി നോമ്പെടുക്കാന്‍ പ്രതേ്യക നിര്‍ദേശമുണ്ട്. അറഫാനോമ്പ് കഴിഞ്ഞ വര്‍ഷത്തേയും വരുന്ന വര്‍ഷത്തേയും ദോഷങ്ങള്‍ പൊറുപ്പിക്കുമെന്ന് അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതിഫലമായി പ്രതീക്ഷിക്കുന്നു എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം 196). ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസത്തെ ആരാധന അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമാണ്. ഒരു ദിവസത്തെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിനും ഒരു രാത്രിയിലെ നിസ്‌കാരം ലൈലത്തുല്‍ ഖദ്‌റിലെ നിസ്‌കാരത്തിനും തുല്യമാണെന്ന് തിരുവചനമുണ്ട് (തുര്‍മുദി, ഇബ്‌നുമാജ).

 *ആശൂറാഅ്* 

വലിയ പുണ്യമുള്ള ആശൂറാഅ് നോമ്പ് (മുഹര്‍റം പത്ത്) റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ ആശൂറാഅ് നോമ്പിന്റെ കല്‍പനയുണ്ട്. ജൂതന്‍മാര്‍ പ്രസ്തുത ദിവസം വ്രതമെടുക്കുന്നത് കണ്ടപ്പോള്‍ ‘അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുഹര്‍റം ഒമ്പതിനും നോമ്പനുഷ്ഠിക്കുമെന്ന്’ നബി(സ്വ)പറഞ്ഞത് ഹദീസിലുണ്ട്(മുസ്‌ലിം 134). മുഹര്‍റം പത്തിന്റെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ ദോഷങ്ങള്‍ പൊറുപ്പിക്കുമെന്നും തിരുനബി(സ്വ) പറഞ്ഞു (മുസ്‌ലിം 196). ഒമ്പതിന് പുറമെ പതിനൊന്നിന് കൂടി വ്രതമെടുക്കണമെന്ന് ഹദീസിലുണ്ട്. നിങ്ങള്‍ മുഹര്‍റം പത്തിന് നോമ്പെടുക്കുക, ജൂതന്‍മാരോട് എതിരാവുക, പത്തിന്റെ ഒരു ദിവസം മുമ്പും ഒരു ദിവസം ശേഷവും നോമ്പെടുക്കുക (അഹ്മദ്). ഇൗ മൂന്ന് ദിവസവും വ്രതമെടുക്കല്‍ സുന്നത്താണെന്ന് ഇമാം ശാഫിഇൗ(റ) ഉമ്മിലും ഇംലാഇലും വ്യക്തമായി പറഞ്ഞിട്ടുണ്ട്.

 *മാസത്തില്‍ മൂന്ന് നോമ്പ്* 

എല്ലാ മാസത്തിലും മൂന്ന് നോമ്പ് നോല്‍ക്കുന്നതിനെ സംബന്ധിച്ച് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അബൂഹുറൈറ(റ) പറയുന്നു: ‘റസൂല്‍(സ്വ) എന്നോട് മാസത്തില്‍ മൂന്ന് നോമ്പ് പിടിക്കാനും ളുഹാ നിസ്‌കരിക്കാനും ഉറങ്ങുന്നതിന് മുമ്പ് വിത്ര്‍ നിസ്‌കരിക്കാനും വസ്വിയ്യത്ത് ചെയ്തു'(ബുഖാരി 1981). അബുല്‍മാലിക് ബിന്‍ മല്‍ഹാന്‍(റ) പറയുന്നു: നബി(സ്വ) ഞങ്ങളോട് എല്ലാ മാസത്തിലും പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങൡ നോമ്പെടുക്കാന്‍ കല്‍പിച്ചിരുന്നു. ഇൗ ദിവസങ്ങൡലെ നോമ്പുകള്‍ ഒരു വര്‍ഷത്തെ നോമ്പിന് സമമാണെന്ന് അവിടുന്ന് പറഞ്ഞിരുന്നു (അബൂദാവൂദ്/2449). പ്രസ്തുത നോമ്പുകളുടെ കാര്യത്തില്‍ തിരുനബി(സ്വ) പ്രതേ്യക ശ്രദ്ധയും താല്‍പര്യവും കാണിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വില്‍ നിന്ന്: പ്രവാചകര്‍(സ്വ) യാത്രയിലാണെങ്കിലും നാട്ടിലാണെങ്കിലും പ്രസ്തുത നോമ്പുകള്‍ ഒഴിവാക്കാറുണ്ടായിരുന്നില്ല (നസാഇൗ198/4) അയ്യാമുല്‍ ബീള് എന്നാണ് ഇൗ ദിവസങ്ങള്‍ അറിയപ്പെടുന്നത്. ചന്ദ്രന്‍ പൂര്‍ണമായി കാണപ്പെടുന്ന ദിവസങ്ങള്‍. മാസത്തിന്റെ അവസാനത്തിലെ മൂന്ന് ദിവസം ഇരുപത്തെട്ട്, ഇരുപത്തൊമ്പത്, മുപ്പത് ദിവസങ്ങൡ നോമ്പ് അനുഷ്ഠിക്കുന്നതും സുന്നത്താണ് (ഫത്ഹുല്‍മുഇൗന്‍). അബൂദര്‍റി(റ)ല്‍ നിന്ന്: ‘ഒാരോ മാസത്തിലും മൂന്ന് ദിവസം നോമ്പെടുക്കുന്നവന്‍ ഒരു വര്‍ഷം നോമ്പ് അനുഷ്ഠിച്ചവനെപ്പോലെയാണ്. അബ്ദുല്ലാഹിബ്‌നു ശഖീഖ്(റ) പറയുന്നു: ഞാന്‍ മദീനയിലെത്തിയപ്പോള്‍ കറുത്ത് നീണ്ട ഒരാളെ കണ്ടു. ഞാന്‍ അദ്ദേഹത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. അബൂദര്‍റ്(റ) ആണതെന്ന് മറുപടി കിട്ടി. ഞാനദ്ദേഹത്തോട് ചോദിച്ചു നിങ്ങള്‍ നോമ്പുകാരനാണോ? അദ്ദേഹം പറഞ്ഞു. അതേ! ഞങ്ങളെല്ലാവരും ഉമര്‍(റ)വിന്റെ അരികിലെത്തി. അവിടെ വിളമ്പിയ ഒട്ടകത്തില്‍ നിന്ന് അബൂദര്‍റ്(റ) കഴിക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു: നിങ്ങള്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല, നിങ്ങള്‍ നോമ്പുകാരനാണെന്നല്ലേ എന്നോട് പറഞ്ഞത്. ഞാന്‍ എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് നോല്‍ക്കാറുണ്ട്. അത് കാരണം ഞാന്‍ എന്നും നോമ്പുകാരനാണ് (ബൈഹഖി) എന്ന് അദ്ദേഹം വിശദീകരിച്ചു.

 *തിങ്കള്‍, വ്യാഴം* 

ആഇശ(റ)യില്‍ നിന്ന്: തിങ്കള്‍, വ്യാഴം നോമ്പുകള്‍ അനുഷ്ഠിക്കുന്നതില്‍ നബി(സ്വ) പ്രതേ്യകം ശ്രദ്ധ കാണിച്ചിരുന്നു (തുര്‍മുദി). അബൂഹുറൈറ(റ)വില്‍ നിന്ന് നബി(സ്വ) പറഞ്ഞു: തിങ്കള്‍, വ്യാഴം ദിവസങ്ങൡലാണ് കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്റെ കര്‍മങ്ങള്‍ നോമ്പുകാരനായിരിക്കെ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (തുര്‍മുദി). തിങ്കളാഴ്ച നോമ്പിനാണ് വ്യാഴം നോമ്പിനേക്കാള്‍ മഹത്ത്വമുള്ളത്. തിരുനബി(സ്വ)യെ പ്രസവിക്കപ്പെട്ടതടക്കം പ്രധാന സംഭവങ്ങളെല്ലാം നടന്നത് തിങ്കളാഴ്ചയാണ്. യുദ്ധം നിഷിദ്ധമായ നാല് മാസങ്ങൡ നോമ്പിന് പ്രതേ്യകം പുണ്യങ്ങളുണ്ട്. അതിന് ശേഷം പുണ്യമുള്ളത് ശഅ്ബാനിലെ നോമ്പിനാണ്. ആഇശ(റ)യില്‍ നിന്ന്: തിരുനബി(സ്വ) പൂര്‍ണമായി നോമ്പ് അനുഷ്ഠിച്ചിരുന്നത് റമളാനിലാണ്. കൂടുതല്‍ നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലും (ബുഖാരി, മുസ്‌ലിം). റമളാനാണോ എന്ന് തോന്നിക്കും വിധം നബി(സ്വ) ശഅ്ബാനില്‍ നോമ്പനുഷ്ഠിച്ചിരുന്നു (ബുഖാരി, മുസ്‌ലിം).

മിഅ്‌റാജ് ദിനത്തിലെ നോമ്പ് വലിയ പുണ്യമുള്ളതാണ്. ഇമാം ഗസ്സാലി(റ) പറഞ്ഞു: അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു:’റജബ് ഇരുപത്തി ഏഴിന് നോമ്പെടുക്കുന്നവന് അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലമുണ്ട് (ഇഹ്‌യ 1/361). ശഅ്ബാന്‍ പതിനഞ്ച് (ബറാഅത്ത് ദിനം) നോമ്പിന് നിര്‍ദേശിക്കപ്പെട്ട പ്രത്യേക ദിവസമാണ്. അലി(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക. പകലില്‍ നോമ്പെടുക്കുക. അല്ലാഹു അന്ന് പറയും; എന്നോട് പൊറുക്കലിനെ തേടുന്നവരുണ്ടോ, ഞാന്‍ അവന് പൊറുത്തുകൊടുക്കാം. ഭക്ഷണം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ അവന് ഭക്ഷണം നല്‍കാം. പ്രയാസത്തില്‍ നിന്ന് മോചനം ആവശ്യപ്പെടുന്നവരുണ്ടോ, ഞാന്‍ അവന് സുഖം നല്‍കാം (ബൈഹഖി).

നോമ്പിന്റെ മഹത്ത്വവും പവിത്രതയും ഉള്‍ക്കൊണ്ട് കൂടുതല്‍ നോമ്പെടുത്ത സ്വഹാബികള്‍ ഉണ്ടായിരുന്നു. അല്ലാഹുവുമായി അടുക്കാനും സ്വശരീരത്തെ കീഴ്‌പ്പെടുത്തി വികാരങ്ങളെ നിയന്ത്രിക്കാനും കഴിയുമെന്ന നിലക്കാണ് അവര്‍ നോമ്പിനെ സ്വീകരിച്ചത്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന്. തിരുനബി(സ്വ) എന്നോട് ചോദിച്ചു: നിങ്ങള്‍ എല്ലാ ദിവസവും നോമ്പ് നോല്‍ക്കുകയും രാത്രി നിസ്‌കരിക്കുകയും ചെയ്യുന്നുവല്ലേ? ഞാന്‍ പറഞ്ഞു; അതേ നബിയേ! നബി(സ്വ) എന്നോട് നിര്‍ദേശിച്ചു: നിങ്ങള്‍ ദാവൂദ് നബിയുടെ നോമ്പ് നോല്‍ക്കുക. അദ്ദേഹം ഒന്നിടവിട്ടാണ് നോമ്പെടുത്തിരുന്നത് (ബുഖാരി/1979, മുസ്‌ലിം/187). ഇമാം മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പാണ്. വര്‍ഷത്തിലെ പകുതിയും ദാവൂദ് നബി നോമ്പിലായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട നിസ്‌കാരവും ദാവൂദ് നബിയുടേത് തന്നെ. രാത്രിയുടെ ആദ്യ പകുതി ഉറങ്ങുകയും ശേഷം എണീറ്റു നിസ്‌കരിക്കുകയും കുറച്ച് കഴിഞ്ഞ ശേഷം വീണ്ടും ഉറങ്ങുകയും വീണ്ടും എണീറ്റു നിസ്‌കരിക്കുകയുമാണ് ദാവൂദ് നബിയുടെ ശൈലി (മുസ്‌ലിം 190).

എല്ലാ ദിവസവും നോമ്പെടുക്കാന്‍ നബി(സ്വ) യോട് സമ്മതം ചോദിച്ച സ്വഹാബികളുണ്ട്. ഹംസത്തുബ്‌നു അംറ്(റ) നബിയോട് ചോദിച്ചു: എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ കഴിയുന്നയാളാണ് ഞാന്‍. ഞാന്‍ അങ്ങനെ ചെയ്യട്ടെ? റസൂല്‍(സ്വ) പറഞ്ഞു: കഴിയുമെങ്കില്‍ അങ്ങനെ ചെയ്‌തോളൂ (ബുഖാരി/1942). മാലികീ പണ്ഡിത പ്രമുഖനായ ഖാളി അബ്ദുല്‍ വഹാബ് (മരണം ഹി:422) പറഞ്ഞു: നോമ്പ് നിരോധിക്കപ്പെട്ട ദിവസങ്ങള്‍ ഒഴിവാക്കി ബാക്കി മുഴുവന്‍ ദിവസവും നോമ്പെടുക്കാന്‍ കഴിയുന്നവര്‍ക്ക് അത് അനുവദനീയമാണ്. കാരണം, അല്ലാഹു പറഞ്ഞത് കൂടുതല്‍ നന്മചെയ്യുന്നത് പുണ്യമാണെന്നാണല്ലോ. മാത്രമല്ല, എല്ലാ കര്‍മവും മനുഷ്യനുള്ളതാണ്. നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ് എന്ന തിരുവചനവും നോമ്പിന്റെ മഹത്ത്വം എടുത്തു പറയുന്നു. അത് കാരണമാണ് മഹാന്മാരായ സ്വഹാബത്തില്‍ പലരും തുടര്‍ച്ചയായി നോമ്പ് നോറ്റിരുന്നത്. തുടര്‍ച്ചയായ നോമ്പ് കറാഹത്താണെന്നാണ് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നത്. എന്നാല്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ആകാമെന്നാണ് ഹദീസുകള്‍ നല്‍കുന്ന സൂചന. അബൂമാലികില്‍ അശ്അരിയ്യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു പ്രത്യേക വീടുണ്ട്. അതിന്റെ ഉള്‍ഭാഗത്ത് നിന്ന് പുറംഭാഗവം കാണാന്‍ കഴിയും. പുറത്ത് നിന്ന് ഉള്‍ഭാഗവും. സംസാരം മയപ്പെടുത്തുകയും ഭക്ഷണം കഴിപ്പിക്കുകയും നോമ്പ് തുടര്‍ച്ചയായി നോല്‍ക്കുകയും ജനങ്ങളെല്ലാം ഉറങ്ങുമ്പോള്‍ നിസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്കാണ് അത് നിര്‍മിക്കപ്പെട്ടിട്ടുള്ളത് (അഹ്മദ് 4/414, തുര്‍മുദി. 2527). ഇബ്‌നു ഉമര്‍(റ)വിനോട് തുടര്‍ച്ചയായ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ പ്രതികരിച്ചു. നോമ്പ് തുടര്‍ച്ചയായി നോല്‍ക്കുന്നവനെ ഞങ്ങളുടെ കൂട്ടത്തില്‍ നന്മയില്‍ മുന്‍കടന്നവനായാണ് ഞങ്ങള്‍ എണ്ണിയിരുന്നത് (ബൈഹഖി 301/4). ഉര്‍വ(റ) പറയുന്നു: ആഇശ(റ) യാത്രയിലും അല്ലാത്തപ്പോഴും സ്ഥിരമായി നോമ്പെടുക്കുന്നവരായിരുന്നു. (ബൈഹഖി 301/4). അനസ്(റ) പറയുന്നു: യുദ്ധത്തില്‍ പങ്കെടുക്കേണ്ട കാരണത്താല്‍ അബൂത്വല്‍ഹ(റ) നബി(സ്വ)യുടെ കാലത്ത് തുടര്‍ച്ചയായി നോമ്പെടുക്കാറുണ്ടായിരുന്നില്ല. നബി(സ്വ)യുടെ വഫാത്തിന് ശേഷം നോമ്പ് നിരോധിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമേ അബൂത്വല്‍ഹ നോമ്പ് ഒഴിവാക്കിയിരുന്നുള്ളൂ (ബുഖാരി 2828). തുടര്‍ച്ചയായ നോമ്പ് കൊണ്ട് പ്രയാസമില്ലാത്തവര്‍ക്ക് അങ്ങനെ ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ് ഹദീസുകളില്‍ കാണാനാകുന്നത്